Logo
element

About SMF

1926 ല്‍ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ച് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ നിലവില്‍ വന്നു. 1976 ല്‍ തിരൂര്‍ താലൂക്കിലും 1977 ല്‍ മലപ്പുറം ജില്ലയിലും ഈ ഘടകം നിലവില്‍ വന്നിരുന്നു. മുസ്ലിം സമൂഹത്തിന്‍റെ അടിസ്ഥാന ഏകകങ്ങളായ മഹല്ലുകളെ ഏകോപിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക വഴി ഉമ്മത്തിന്‍റെ ഉത്ഥാനവും ശാക്തീകരണവും എളുപ്പത്തില്‍ സാധ്യമാകും. ഇത്തരമൊരു മുന്നേറ്റത്തിന് ചാലക ശക്തികളാകേണ്ടത് പണ്ഡിതരും ഉമറാക്കളുമാണെന്ന ചിന്തകളുടെയും ആലോചനകളുടെയും ഫലമായാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (SKSMF) സ്ഥാപിതമായത്.

വന്ദ്യരായ എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, കോട്ടുമല ടി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖരാണ്. ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയും ഡോ. യു ബാപ്പുട്ടി ഹാജി ചെമ്മാട് ട്രഷററുമായ കമ്മിറ്റിയാണ് എസ്.എം.എഫിന്‍റെ പ്രഥമ സംസ്ഥാന കമ്മിറ്റി, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസിഡണ്ടും യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ജനറല്‍ സെക്രട്ടറിയും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വര്‍ക്കിംങ് സെക്രട്ടറിയും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ട്രഷററുമായ കമ്മിറ്റിയാണ് സംഘടനയെ ഇപ്പോള്‍ നയിക്കുന്നത്. കേരളത്തിലെ 14 ജില്ലകള്‍ക്കുപുറമെ ദക്ഷിണ കന്നട, കൊടക്, നീലഗിരി, ബാംഗ്ലൂര്‍, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും എസ്.എം.എഫിന്റെ പ്രവര്‍ത്തനം വ്യാപിച്ച് കിടക്കുന്നു.

കാലം ഉയര്‍ത്തുന്ന ചില സവിശേഷ വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുള്ള കരുത്തായിരുന്നു സംഘടനാ രൂപീകരണ പശ്ചാത്തലം. മഹല്ലുകള്‍ ഐക്യത്തിന്‍റെ പ്രതീകമാണ് നമ്മുടെ പള്ളികള്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം തന്നെ ഏകത്വമാണ്. വിശ്വാസകര്‍മ സംഘടനാ രീതികളൊക്കെ ഒരുപോലെയാവുക. ഈ മഹത്തായ സൗന്ദര്യബോധം കാത്തുസൂക്ഷിച്ച ആധികാരിക സ്ഥാപനങ്ങളാണ് പള്ളികളും മഹല്ലുകളും. മുസ്‌ലിം ഉമ്മത്തിന്‍റെ കരുത്തിന്‍റെ കേന്ദ്രങ്ങള്‍ ദുര്‍ബലപ്പെടുന്ന സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ സാത്വിക പണ്ഡിതരും സാദാത്തുക്കളും കൂടിയാലോചിച്ച് മതപരമായ ധര്‍മനിര്‍വഹണം എന്ന നിലക്ക് കൂടിയാണ് സംഘടന രൂപീകരിച്ചത്. ഭരണഘടന പത്ത് ഉദ്ദേശ്യലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യുന്നത്. അത് നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.

ഒന്ന്: ആശയപ്രചാരണവും ആദര്‍ശവ്യതിയാന പ്രതിരോധവും. മഹല്ലുകള്‍ അടിസ്ഥാനപരമായി നിര്‍വഹിക്കേണ്ട ധര്‍മം, ദഅ്‌വത്താണ്. ഒരു ജുമുഅത്ത് പള്ളിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മുസ്‌ലിംകളില്‍ യഥാര്‍ഥ അഹ്ലുസുന്നത്ത് ജമാഅത്ത് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. അതോടൊപ്പം വിശുദ്ധ ഇസ്ലാമിന് അന്യമായ വ്യാജ വിശ്വാസങ്ങളും വിശ്വാസ വൈകല്യങ്ങളും വരാതെ കാത്തുസൂക്ഷിക്കേണ്ടതും ഉണ്ട്. സമുദായത്തിന്‍റെ ഐക്യവും ആത്മീയാരോഗ്യവും പരമ പ്രധാനമാണ്. ഈ സുപ്രധാന ചുമതലകള്‍ മഹല്ല് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ നിര്‍വഹിക്കപ്പെടണം.

രണ്ട്: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക മദ്‌റസകള്‍ സ്ഥാപിച്ചും പള്ളിദര്‍സുകള്‍, അറബിക് കോളജുകളിലേക്ക് പഠിതാക്കളെ ശേഖരിച്ചും മതവിജ്ഞാന ശേഷി നിലനിര്‍ത്തി വരുന്നത് മഹല്ലുകളിലൂടെയാണ്. വിജ്ഞാനീയത്തിന്‍റെ ആദ്യാക്ഷരം അഭ്യസിക്കുന്ന മദ്‌റസകള്‍ സ്ഥാപിച്ച് കേരള മുസ്ലിംകള്‍ വിശുദ്ധ ഇസ്ലാമിന്റെ ജൈവ സാന്നിധ്യം പുഷ്പിക്കാന്‍ ഇടം കണ്ടെത്തിയത് മഹല്ല് സംവിധാനം വഴിയാണ്. ഭൗതിക വിദ്യാഭ്യാസത്തിന് പരിഗണനയും പ്രാധാന്യവും കല്‍പ്പിക്കാനും മഹല്ലുകള്‍ക്ക് പ്രചോദനം നല്‍കാന്‍ വിശ്വാസികളെ പ്രാപ്തമാക്കാനും മഹല്ല് സംവിധാനം ഉപയോഗപ്പെടുത്താന്‍ ഭരണഘടന നിര്‍ദേശിക്കുന്നു.

മൂന്ന്: എത്ര അടക്കാന്‍ ശ്രമിച്ചാലും കടന്നുവരുന്ന സദാചാരലംഘനങ്ങള്‍, ധൂര്‍ത്ത്, ആര്‍ഭാടം, വ്യാജ വിശ്വാസങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ഛിദ്രതകള്‍, കുടുംബ ലഹളകള്‍, മദ്യാസക്തി തുടങ്ങി സമൂഹത്തിന്റെ ആത്മീയ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന തിന്മകള്‍ കടന്നുവരാതിരിക്കാന്‍ ശക്തമായ കര്‍മ്മ പദ്ധതികളായ പ്രീമാരിറ്റല്‍ കോഴ്‌സുകള്‍, പാരന്‍റിംഗ് കോഴ്‌സുകള്‍, ഡിപ്ലോമ ഇന്‍ മോറല്‍ & പ്രാക്ടിക്കല്‍ എഡ്യൂക്കേഷന്‍ (സ്വദേശി ദര്‍സ്), വയോജന പഠനക്ലാസുകള്‍, കുടുംബ സംഗമങ്ങള്‍, തുടങ്ങിയവയിലൂടെ മഹല്ലുകളെ സംസ്‌കരിച്ചെടുക്കുന്നു. നവതലമുറയില്‍ പ്രകടമായി കാണുന്ന അച്ചടക്ക ലംഘനങ്ങള്‍, അനിയന്ത്രിതാവസ്ഥകള്‍, മരവിപ്പ്, മുരടിപ്പ്, സമൂഹവുമായി രാജിയാവുന്ന നിഷ്‌ക്രിയത്വം, വിശ്വാസം വിപണന വസ്​തുവാക്കുന്ന സ്ഥിതി വിശേഷം തുടങ്ങിയ സമുദായത്തിന്‍റെ പ്രബലത നശിപ്പിക്കുന്ന തിന്മകള്‍ക്കെതിരില്‍ മതിയായ കവചമൊരുക്കുന്നത് മഹല്ലുകളാണ്.

നാല്: സാമൂഹിക കടമകള്‍: പാരമ്പര്യത്തിന്‍റെ ഉദാത്ത ദര്‍ശനങ്ങള്‍ വിളംബരപ്പെടുത്തിയ വിശുദ്ധ ഇസ്​സാമിന്‍റെ സ്‌നേഹ സന്ദേശങ്ങള്‍ പ്രവൃത്തി പഥത്തിലൂടെ സക്രിയമാക്കുന്നു. രോഗസന്ദര്‍ശനം, മയ്യിത്ത് സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിരവധി സേവനങ്ങള്‍ ഇതൊക്കെ മഹല്ലിന്‍റെ കര്‍മപദ്ധതിയില്‍ ഇടം പിടിക്കുന്നു. ധാരാളം മഹല്ലുകളില്‍ പലിശരഹിത വായ്​പാ പദ്ധതി (സുന്ദൂഖ്) പ്രവര്‍ത്തിക്കുന്നു. നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യമൊരുക്കുന്നു. ഭവനനിര്‍മാണം നടക്കുന്നു. സേവനങ്ങളുടെ പറുദീസയായി മഹല്ലുകള്‍ വളരുകയാണ്.

കേരളത്തിലെ മഹല്ല് സംവിധാനം മുസ്‌ലിം ജനവിഭാഗങ്ങളുടെ സമസ്​ത മേഖലകളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അത്‌കൊണ്ട് മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മുഴുവന്‍ കാര്യങ്ങളിലും ഇടപെടേണ്ടത് മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്തമാണ്. ഇന്ന് പുതിയ പുതിയ വെല്ലുവിളികളാണ് മഹല്ല് നേതൃത്വം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ മഹല്ല് കമ്മിറ്റിയും ജനങ്ങളും തമ്മില്‍ നല്ല ബന്ധവും കെട്ടുറപ്പുമുണ്ടാകണം. പള്ളികളുടെയും മദ്‌റസകളുടെയും ഭൗതിക വളര്‍ച്ചക്കപ്പുറം മഹല്ലിലെ മുസ്‌ലിംകളുടെ ധാര്‍മികവും സാംസ്‌കാരികവും സാമൂഹികവുമായ വളര്‍ച്ചയും കൂടി മഹല്ല് ഭാരവാഹികളുടെ ഉത്തരവാദിത്തമാണ്. സമസ്​ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ലുകളുടെയും മഹല്ല് നിവാസികളുടെയും ശാക്തീകരണത്തിനാവശ്യമായ കാലോചിതമായ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.

SMF

SMF Vision & Mission

icon

SMF VISION

“സമൂഹത്തിന്റെ ആത്മീയ, സാമൂഹിക, ശൈക്ഷണിക വികസനത്തിനായി ഉത്തരവാദിത്തബോധമുള്ള മഹല്ല് ഭരണസംവിധാനം രൂപപ്പെടുത്തുക.”

  1. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും
  2. വിശ്വാസബോധം ശക്തിപ്പെടുത്തുന്ന,
  3. ജ്ഞാനവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന,
  4. ഐക്യവും നന്മയും ഉറപ്പാക്കുന്ന
  5. ഒരു മാതൃകാ സമൂഹം സൃഷ്ടിക്കുക എന്നതാണ് SMFയുടെ ദീർഘദർശനം.

“മതീയ, വിദ്യാഭ്യാസ, കുടുംബ, സാമൂഹിക മേഖലകളിൽ സമഗ്ര പുരോഗതിയും നന്മയും കൈവരിച്ച, ഉത്തരവാദിത്തബോധവും ഐക്യവും നിറഞ്ഞ മഹല്ല് സമൂഹം സൃഷ്ടിക്കുക.”

  1. SMF സ്വപ്നം കാണുന്നത് —
  2. സമസ്തയുടെ വിശുദ്ധ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള,
  3. വ്യക്തിയുടെ ആത്മീയ വളർച്ചയെയും കുടുംബത്തിന്റെ സ്ഥിരതയെയും പ്രാധാന്യമർപ്പിക്കുന്ന,
  4. വിദ്യാഭ്യാസം, മൂല്യങ്ങൾ, മനുഷ്യസ്നേഹം എന്നിവയിൽ അടിയുറച്ച,
  5. സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന,
  6. പരസ്പരം പിന്തുണയ്ക്കുന്ന ഐക്യബോധമുള്ള ഒരു മഹല്ല് സമൂഹത്തെ കുറിച്ചാണ്.


നീണ്ട ഭാവിയെ ലക്ഷ്യമിട്ട് SMF നിർമിക്കാൻ ആഗ്രഹിക്കുന്നത്,
മതചിന്തയിൽ ആഴവും, മാനവികതയിൽ തിളക്കവുമുള്ള,
ടെക്നോളജി ഉപയോഗിച്ച് മുന്നേറുന്ന,
പ്രതിസന്ധികൾ നേരിടാനുള്ള ശേഷിയുള്ള,
ഒന്നിച്ച് വളരുന്ന ഒരു സമഗ്ര സമൂഹമാണ്.

ഈ ദീർഘദർശനം SMFയുടെ എല്ലാ പദ്ധതികളുടെയും —
പ്രീമാരിറ്റൽ മുതൽ സെൻസസ് വരെ,
മദ്റസ മുതൽ വഖഫ് അഡ്മിനിസ്ട്രേഷൻ വരെ,
കുടുംബശ്രദ്ധ മുതൽ യുവജനനേതൃത്വം വരെ —
സമ്പൂർണ്ണമായ ദിശയും പ്രചോദനവുമാണ്.

icon

SMF MISSION

  1.  സമസ്തയുടെ ആശയത്തെ ശക്തമായ മഹല്ല് സംവിധാനത്തിലൂടെ നടപ്പിലാക്കുകമഹല്ലുകൾക്കു നയവും മാർഗനിർദ്ദേശവും നൽകുന്ന സുസ്ഥിരമായ ശൃംഖല സൃഷ്ടിക്കുക.
  2.  വിദ്യാഭ്യാസ-മതപര പാരമ്പര്യ സംരക്ഷണംമദ്റസ, ദർസ്, മതപഠനകേന്ദ്രങ്ങൾ എന്നിവയുടെ നിലവാരം ഉയർത്തുകയും പുതുതലമുറയെ ഇസ്‌ലാമിക മൂല്യങ്ങളിൽ വളർത്തുകയും ചെയ്യുക.
  3. കുടുംബവികസനവും സാമൂഹ്യക്ഷേമവും പ്രീമാരിറ്റൽ, പോസ്റ്റ്മാരിറ്റൽ, പരൻറിംഗ്, ഫാമിലി കൗൺസിലിംഗ് തുടങ്ങിയ പദ്ധതികളിലൂടെ ആരോഗ്യമാർന്ന കുടുംബസംരചന സൃഷ്ടിക്കുക.
  4.  മഹല്ല് അഡ്മിനിസ്ട്രേഷൻ ഡിജിറ്റലൈസ്‌ ചെയ്യുക മഹല്ല് സോഫ്റ്റ്‌വെയർ, സെൻസസ്, രജിസ്ട്രേഷൻ, വഖഫ് സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച് നവീന ഭരണരീതികൾ നടപ്പാക്കുക.
  5.  സാമ്പത്തിക ശാക്തീകരണം സുന്ദൂഖ്, ആശ്വാസ്, സഹായ പദ്ധതികൾ എന്നിവയിലൂടെ സമൂഹത്തിലെ ദുർബലർക്ക് കരുത്തായി നിലകൊള്ളുക.
  6.  യുവതലമുറയെ സജീവമാക്കുക Gen Z–യെയും പുതിയ തലമുറയെയും SMFയുടെ പ്രവർത്തനരംഗങ്ങളിലേക്ക് ആകർഷിച്ച് സൃഷ്ടിപരമായ നേതൃത്വശേഷി വളർത്തുക.
  7. രാജ്യവ്യാപക മഹല്ല് ഏകോപനം AISMF വഴിയുള്ള ദേശീയ തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി, രാജ്യത്തെ മുഴുവൻ മഹല്ലുകളെയും ഏകോപിതമായ ഒരു രീതിയിൽ കൊണ്ടുവരിക..

element
element

OUR Team

trainer

MP KUNHAHAMMED MUSLIYAR

VICE PRESIDENT
trainer

KT HAMZA MUSLIYAR WAYANAD

VICE PRESIDENT
trainer

ZAINUL ABID THANGAL

VICE PRESIDENT
trainer

DR, CK KUNHITHANAL

VICE PRESIDENT
trainer

MC MAYIN HAJI

VICE PRESIDENT